Tuesday, December 28, 2010

"ചിത്ര കലയില്‍ നിന്നും സാദ്ധ്യതയുടെ കലയിലേക്ക്..."




രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ മനസിലാക്കി കളത്തിലിറങ്ങിയ, 'രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍' എന്നറിയപ്പെടുന്ന കെ. കരുണാകരന്‍. കാര്‍ട്ടൂണിസ്റ്റുകളുടെ പ്രിയ കഥാപാത്രമായ അദ്ദേഹം ഒരു മികച്ച ചിത്രകാരനായിരുന്നെന്ന് ഞാന്‍ അറിഞ്ഞത് എന്റെ ഗുരുനാഥനില്‍ നിന്നായിരുന്നു. അപ്പോള്‍ തോന്നിയ കൌതുകമാവാം അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം എന്നില്‍ വളര്‍ത്തിയത്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ നേരില്‍ ചെന്ന് കാണാനുള്ള അവസരമെനിക്ക് കിട്ടി. ശ്വാസംമുട്ടല്‍ അലട്ടിയിരുന്നുവെങ്കിലും സഹായികളുടെ തോളില്‍ കൈവച്ച് പതിവു നടത്തം അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. ഓഫീസ് മുറിയില്‍ കാത്തിരിക്കുകയായിരുന്ന എന്നെ വന്നു കണ്ടു. ഞാന്‍ വരച്ച ചിത്രങ്ങളെല്ലാം നോക്കി കണ്ടു. 'നന്നായിട്ടുണ്ട്. ഇനിയും വരച്ച് പഠിക്കുക. ധാരാളം വരയ്ക്കുക' ഓട്ടോഗ്രാഫില്‍ ഒപ്പു വയ്ക്കവെ ഇതായിരുന്നു ഉപദേശം.
ലീഡര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെ ആസ്പദമാക്കി ഞാന്‍ നര്‍മ്മഭൂമിയില്‍ വരച്ച കാര്‍ട്ടൂണ്‍ ഏറെനേരം നോക്കി നിന്നു. പതിവശൈലിയില്‍ കണ്ണിറുക്കിയുള്ള കുസൃതിച്ചിരിക്കു ശേഷം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിച്ചു. താന്‍ കഥാപാത്രമായുള്ള കാര്‍ട്ടൂണ്‍ അനുകൂലമായാലും പ്രതികൂലമായാലും ഏറെനേരം നോക്കിയിരുന്നു ആസ്വദിക്കുമെന്ന എന്റെ കേട്ടറിവിനെ ശരിവയ്ക്കുന്നതായിരുന്നു ആ ചിരി.
കേരളകൌമുദിയില്‍ ചേര്‍ന്നതിനു ശേഷം അവസാനമായി അദ്ദേഹത്തെ കണ്ടത് ആറുമാസം മുമ്പാണ്. ഞാന്‍ ചെല്ലുമ്പോള്‍ ശാരീരികാവശതകളാല്‍ തീരെ കിടപ്പിലായിരുന്നു അദ്ദേഹം. കയ്യിലുണ്ടായിരുന്നു ലീഡറുടെ കാരിക്കേച്ചര്‍ കാണിച്ചപ്പോള്‍ പതുക്കെ എഴുന്നേറ്റിരുന്നു. കുറേനേരം നോക്കിയിരുന്നു. ചെറുപുഞ്ചിരി പാസാക്കി, പേന വാങ്ങി ഒപ്പുവച്ചു തന്നു. കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പോലെ എന്നും ലീഡര്‍ക്ക് ആവേശമായിരുന്നു. ഒരുപക്ഷേ മനസ്സില്‍ ഒരു നല്ല ചിത്രകാരന്‍ ഉറങ്ങിക്കിടക്കുന്നതിനാലാകാം. കാര്‍ട്ടൂണിസ്റ്റുകളുടെ പടവാളിന് ഇരയായ മറ്റൊരു നേതാവ് ഉണ്ടാകില്ല. മറ്റേതൊരു കാര്‍ട്ടൂണിസ്റ്റിനെ പോലെയും എന്റെയും പ്രിയകഥാപാത്രത്തെ വരയ്ക്കാന്‍ ഇനിയൊരവസരം എനിക്കുണ്ടാകുമോ?

Friday, December 3, 2010